ധാര്‍മിക മൂല്യങ്ങളുടെ ഏമാനും പാന്‍പരാഗ് ചവക്കുന്ന തെരുവു വേശ്യകളും




പുതിയ ഏമാന്‍ ചാര്‍ജ് എടുത്തതിനു ശേഷമാണ് ഇത്തരം നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്.

ഉച്ചയൂണ് കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കി ഏമാന്‍ ചോദിക്കും
"ന്നാ പോവ്വ്വല്ലേ....?"

എമാന്റെ കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് ഞങ്ങളെല്ലാവരും തയ്യാറായിരിക്കും.
കൃഷ്ണന്‍ കുട്ടി ജീപ്പ് സ്റ്റാര്‍ട്ട്  ചെയ്യും.ചവച്ച മുറുക്കാന്‍ ഒന്നു നീട്ടിത്തുപ്പി ഏമാന്‍  മുന്‍സീറ്റില്‍ കയറിയിരിക്കും.ഞാനും ,സുധാകരനും, കുസുമകുമാരിയും പിന്‍സീറ്റില്‍..... പോക്ക് വെറുതെയാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. എല്ലായിടത്തും ഞങ്ങള്‍ കയറിയിറങ്ങും.

' മിനര്‍വ്വ,  സിറ്റി ലോഡ്ജ്,  ഭാരതീവിലാസം,  സന്തോഷ് ഭവന്‍......'   ഇങ്ങിനെ കേന്ദ്രങ്ങള്‍ പലതാണ്. ‘ടപ്,ടപ്,ടപ്.....'  എന്നിങ്ങനെ  പഴകി ദ്രവിച്ച മരക്കോണികളില്‍  ഒച്ചവെപ്പിച്ചുകൊണ്ട് ഞങ്ങള്‍ കോവണികള്‍ കയറി ഇടുങ്ങിയ വരാന്തയിലൂടെ നീങ്ങും. വാതിലുകളില്‍ ലാത്തികൊണ്ട് അടിക്കും.

അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജാനകിയോ, തങ്കമണിയോ, ശാരദയോ, ഭാനുമതിയോ...... അങ്ങിനെ ആരെങ്കിലും പേടിച്ചു വിറക്കുന്ന ഒരു ഇടപാടുകാരനോടൊപ്പം ഉണ്ടാവും....  മുറുക്കാന്‍ നിറച്ച വായ തുറന്ന് ഏമാന്റെ ഒരു പരിഹാസച്ചിരിയാണ് പിന്നെ...

അതിനു ശേഷം ഇടപാടുകാരനെ ഞങ്ങള്‍ക്കിടയില്‍ നിന്നു മാറ്റി നിര്‍ത്തി ഏമാന്‍ സ്വകാര്യമായി  ഉപദേശിക്കും. മിക്കവാറും ഇത്തരം ഇടപാടുകളുടെ അധാര്‍മികതയെക്കുറിച്ചാവും ഉപദേശം. ഇത്തരം പ്രവൃത്തികളില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള തിന്മയെക്കുറിച്ചും മനുഷ്യന്‍ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഏമാന്‍ അവരെ ബോധ്യപ്പെടുത്തും. ഇനി ആവര്‍ത്തിക്കരുത് എന്ന് സ്നേഹപൂര്‍വ്വം  ഉപദേശിച്ച് പോയ്ക്കോളാന്‍  പറയും.  പിന്നെ, അപ്പോഴും പരുങ്ങി നില്ക്കുന്ന ജാനകിയോടും കൌസല്യയോടുമൊക്കെ   "നീയ്യ് പോയ് ജീപ്പിലിരിയെടീ..."   എന്നൊരു ഒച്ച വെക്കലാണ്.

അവരെയും കയറ്റി ഞങ്ങള്‍ അടുത്ത കേന്ദ്രത്തിലേയ്ക്ക് നീങ്ങും.....

തിരിച്ച് താവളത്തിലെത്തുമ്പോഴേക്കും പത്തുപതിനഞ്ചു പേരെങ്കിലും പാന്‍പരാഗും ചവച്ച്  രൂക്ഷഗന്ധം പ്രസരിപ്പിച്ച് പിന്‍സീറ്റില്‍ ഞങ്ങളോടൊപ്പം തിങ്ങിക്കൂടി ഇരിക്കുന്നുണ്ടാവും.

വരാന്തയിലും മുറ്റത്തുമായി ചടഞ്ഞിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്ന അവരെ ഓരോരുത്തരെയായി ഏമാന്‍  അകത്തേക്കു വിളിപ്പിക്കും.

ഒരേ ചോദ്യങ്ങള്‍  തന്നയാണ് ഏമാന്  എപ്പോഴും ചോദിക്കാനുണ്ടാവുക. ഉത്തരങ്ങള്‍ക്ക്   ചില വ്യത്യാസങ്ങള്‍   ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന്  ജാനകിയുടെ കാര്യം തന്നെ എടുക്കുക - ഇന്നലെ ഉച്ചക്ക്  മിനര്‍വ്വയില്‍  വെച്ച് പിടിച്ചപ്പോള്‍  അവള്‍   'സോജ' യായിരുന്നു. വൈകിട്ട് സന്തോഷ് ഭവനില്‍ വെച്ച്  'റീമ' എന്നാണ് അവള്‍ പേരു പറഞ്ഞത്. മിനിഞ്ഞാന്ന് സിറ്റി ലോഡ്ജില്‍  നിന്നു കൊണ്ടുവന്നപ്പോള്‍ അവള്‍ 'സോണിയ' ആയിരുന്നു.അതുപോലെ 'ട്വിങ്കിള്‍, നമിത, റോസ്ലിന്‍....' എല്ലാം ജാനകി പലപ്പേഴായി പറഞ്ഞ അവളുടെ പേരുകള്‍......

ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.റിക്കാര്‍ഡില്‍  ചേര്‍ക്കുവാന്‍  ഒരു പേരു വേണം.ഒരു കൈയ്യൊപ്പും കിട്ടണം.,  അത്രതന്നെ...!

"ഇന്നന്താ ജാനക്യേ നെന്റെ പേര്...?"
ഏമാന്‍  മുറുക്കാന്‍ ചവച്ചു കൊണ്ടു ചോദിക്കും
"ഇന്ന് റീത്ത പെരേര എന്ന് എഴുതിക്കോളി സാറെ.." 
ജാനകി പറയും
"നെന്റെ ഒരു പെരേര...." 
വായില്‍ നിറഞ്ഞു കവിയുന്ന മുറുക്കാന്‍ കസേരയുടെ വശത്തുള്ള കോളാമ്പിയിലേയ്ക്ക് തുപ്പി കുലുങ്ങിച്ചിരിച്ചുകൊണ്ട് ഏമാന്‍   ‘Name of the accused‘ എന്നതിനു നേരെ  ‘Reetha Perera‘ എന്ന് എഴുതി വെയ്ക്കും.
“ഇന്ന് ആരാരുന്നെടീ കൂടെ ...?“
 ഏമാന്‍ ശൃംഗാരഭാവത്തില്‍  കണ്ണിറുക്കിക്കൊണ്ട് ചോദിക്കും.
“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും....“
ജാനകി ചെറുചിരിയോടെ പറയും.

അവരെല്ലാം അങ്ങിനെയാണ്.കൂടെയുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍   അറിയാന്‍ മിനക്കെടാറില്ല. ‘സ്റ്റേറ്റുകാരന്‍ ഒരു ചേട്ടനായിന്...’. ‘കുറുക്കന്റെ കണ്ണുള്ള ഒരു പോക്കറ്റടിക്കാരനായിന്...’. ‘വെള്ളപ്പാണ്ട് പിടിച്ച ഒരു അണ്ണാച്ചി ഡ്രൈവറായിന്...’. ’കഥയെഴുതുന്ന ഒരു മേസ്തിരി ആയിന്...’  എന്നിങ്ങനെയാണ് തങ്ങളുടെ  ഇടപാടുകാരെപ്പറ്റി പറയുക.

ഏമാന് അതൊന്നും പ്രശ്നമല്ല.
'ഏമാന്റെ പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!'

“മ്മള് ഈ തൊപ്പിയിട്ടു നടക്കുന്നിടത്തോളം ധാര്‍മികതയ്ക് ഒരു കൊയപ്പവും പറ്റരുത്  ശ്രീധരാ..." ഏമാന്‍ ഇടക്കിടക്ക് എന്നോട് പറയും.എന്നിട്ട് സ്നേഹപൂര്‍വ്വം എനിക്ക് മുറുക്കാന്‍ തരും.ഏമാന്‍ തരുന്ന മുറുക്കാന്റെ സുഖം ഒന്നു വേറെ തന്നെയാണ്.ചുരുട്ടി വെച്ച പുകയില വെറ്റിലയോടൊപ്പം ചവക്കുമ്പോള്‍ ഒരു പ്രത്യേകതരം അനുഭൂതി സിരകളില്‍ പടരും.ധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള  ഉള്‍വെളിച്ചം  ബോധതലങ്ങളിലാകെ നിറയും.

അപ്പേഴേക്കും ഏമാന്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിരിക്കും.

‘Name of the Companion‘ എന്നതിനുനേരെ ‘Unknown..’ എന്നുകൂടി എഴുതിച്ചേര്‍ത്ത് ഒപ്പും സീലും വെച്ച് ഫയല്‍ ടാഗ് ചെയ്ത് ജാനകിയോട് പോയ്ക്കൊള്ളാന്‍ പറയും.... പിന്നെ നീട്ടി വിളിക്കും.,
 “തങ്കമണ്യേ.......“  
വാതില്ക്കല്‍  തങ്കമണി പ്രത്യക്ഷപ്പെടും.

ഇപ്രകാരം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുമ്പോഴേക്കും നേരം സന്ധ്യയായിരിക്കും.

അതോടെ അടുത്ത നീക്കത്തിനുള്ള സമയമായി.കൃഷ്ണന്‍കുട്ടി ജീപ്പ് സ്റ്റാര്‍ട്ട്  ചെയ്യും.ഞാനും സുധാകരനും കുസുമകുമാരിയും പിന്‍സീറ്റില്‍..... ഏമാന്‍  വെറ്റില മുറുക്കി തമാശകള്‍ പറഞ്ഞ്.....

ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങും......

കൊലക്കേസിന്റെയും, കളവുകേസിന്റേയും കക്ഷികള്‍ ചിലര്‍ അപ്പോഴും തലയും ചൊറിഞ്ഞ് ബഹുമാനപൂര്‍വ്വം കാത്തു നില്ക്കുന്നുണ്ടാവും."നിങ്ങള് നടന്നോളി ഞാനന്വേഷിച്ചോളാം“എന്നു പറഞ്ഞ് ഏമാന്‍ അവര്‍ ബഹുമാനപൂര്‍വ്വം കൊടുക്കുന്ന ഹരജിക്കടലാസുകള്‍ വാങ്ങി വെയ്ക്കും....! ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.ഏമാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം               'ധാര്‍മികതയാണ്..!മാനവമൂല്യങ്ങളാണ്'..! 

“കൊലയും കളവുമൊന്നും അത്ര പ്രശ്നമല്ല. പക്ഷേ ഇത് , ഇതങ്ങിനെയല്ല, ധാര്‍മികതയുടെ പ്രശ്നമാണ്. നമ്മളൊക്കെ ഈ തൊപ്പി ഇട്ടു നടക്കുന്നേടത്തോളം അതിന് ഒരു കൊയപ്പവും വരരുത്. .... അത് നമ്മളു നോക്കണം.... " ഏമാന്‍ മുന്‍സീറ്റിലിരുന്ന് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങളെ സ്നേഹപൂര്‍വ്വം ഉപദേശിക്കും. 

അതാണ് ഏമാന്‍ ..!!.  മുമ്പുണ്ടായിരുന്ന ഏമാന്മാരില്‍ നിന്നു വ്യത്യസ്തമായി സ്നേഹപൂര്‍വമുള്ള ഇടപെടലുകളാണ് ഏമാന്റേത്. അതുകൊണ്ടാവണം ഞങ്ങളും അദ്ദേഹത്തെ സ്നേഹിക്കാന്‍  തുടങ്ങിയിരിക്കുന്നു. ധാര്‍മികതയുടെ സംരക്ഷണം ഞങ്ങളുടേയും പ്രധാന ആവശ്യമാക്കി മാറ്റിയിരിക്കുന്നു.

അതുകൊണ്ടാണല്ലോ രാവെന്നോ പകലെന്നോ നോക്കാതെ, വെയിലെന്നോ മഴയെന്നോ നോക്കാതെ  സദാസമയവും ഏമാന്റെ കൂടെ ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്......

വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്...  'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു'  എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള്‍ വിളിച്ചിരുന്നു...  'ശ്രീധരാ നീയൊന്ന് ഇത്രടം വരെ വാ'  എന്നു പറഞ്ഞു കൊണ്ട് തറവാട്ടില്‍ നിന്ന് അമ്മ ആളയച്ചിരുന്നു - ഇളയ കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതുണ്ട്. അമ്മക്ക്  മരുന്നു വാങ്ങേണ്ടതുണ്ട്......  ഒന്നിനും നേരമില്ല. ഏമാന്റെ കൂടെ നീങ്ങണം.അതാണ് പ്രധാനം. 

‘ഞങ്ങള്‍ നീങ്ങുകയാണ്.....‘

ബീച്ച് റോഡിലെ അരണ്ട വെളിച്ചമുള്ള ഇടുങ്ങിയ തെരുവിന്റെ അങ്ങേ അറ്റത്തുള്ള സിന്തൂരി ലോഡ്ജ് ലക്ഷ്യമാക്കി കൃഷ്ണന്‍ കുട്ടി  ജീപ്പ് ഓടിക്കുകയാണ്........

ഒരു പ്രണയകഥ കൂടി.......



'പ്രണയതീരത്തേക്ക് ഇതാ മൈനകള്‍'


കടല്‍ത്തീരം.....
സായന്തനം.....                                                                               
പോക്കുവെയിലിന്റെ സാന്ദ്രമൌനം.,
തണുത്ത കടല്‍ക്കാറ്റ്.
തിരകള്‍ പ്രണയഗാനങ്ങള്‍ പാടുന്നു......

അവര്‍ കാറ്റാടിമരത്തണലില്‍ പ്രണയപൂര്‍വ്വം.......

"നിനക്ക് ഞാനൊരു കടല്‍ തരാം...."
അവന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"കടൽപ്പക്ഷികളെ തരാം.,
അലയൊടുങ്ങാത്ത തീരങ്ങളേയും,
നുരകളില്‍ ഊളിയിടുന്ന സ്വര്‍ണമീനുകളേയും തരാം...."

അവള്‍ അവന്റെ മാറില്‍ തലചായ്ച് പതുക്കെ പറഞ്ഞു.,
"നമുക്ക്  കടലിന്റെ അടിത്തട്ടിലേയ്ക്ക് ഊളിയിട്ടുപോവാം....
മത്സ്യകന്യകളുടെ നാട്ടിലെ വര്‍ണവിസ്മയങ്ങള്‍ കാണാം,
ആകാശത്തിന്റെ ചരിവില്‍ അതാ നിഴല്‍ പോലെ പായക്കപ്പലുകള്‍..!
അവയിലൊന്നില്‍ പ്രിയനേ നമുക്കും......"

അവര്‍ ഇപ്രകാരം പ്രണയം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ അസ്തമയമാവുകയും കാഴ്ചകളെല്ലാം മങ്ങിപ്പോവുകയും ചെയ്തു.


അപ്പോള്‍ .......,


പകല്‍സഞ്ചാരികളായ ഏതാനും മൈനകള്‍  അവരിരുന്ന കാറ്റാടി മരത്തിനു മുകളില്‍ ചേക്കേറി.,

"ഇവര്‍ക്കിനിയും തിരിച്ചു പോവാനായില്ലേ..?!"
മൈനകളുടെ നേതാവ് മറ്റുള്ളവരോട് പറഞ്ഞു.
"നമുക്ക് കലപിലകൂട്ടി അവര്‍ക്കു ചുറ്റും പറന്നിറങ്ങാം.. അവരുടെ ഒടുങ്ങാത്ത പ്രണയത്തിനു മുകളില്‍  കാഷ്ഠമിടാം ......" കൂട്ടത്തിലെ യുവാവ് പറഞ്ഞു

ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരായ മൈനകള്‍ അവര്‍ക്കു  ചുറ്റും പാറി നടന്ന് ശല്യമുണ്ടാക്കുവാന്‍ തുടങ്ങി. ദുര്‍ബലരും കുട്ടികളുമടങ്ങുന്ന മറ്റൊരു സംഘമാവട്ടെ മരച്ചില്ലയിലിരുന്ന് അവരുടെ പ്രണയത്തിലേയ്ക്ക്  തുരു തുരെ കാഷ്ഠിച്ചുകൊണ്ടിരുന്നു.


നോക്കുക.....,


'പറവകള്‍ വിതക്കുകയും കൊയ്യുകയും ചെയ്യുന്നില്ല... അളന്നളന്ന് കൂട്ടുന്നില്ല'. എന്നാണല്ലോ ധര്‍മശാസ്ത്രങ്ങളിലെല്ലാം അവയെ വാഴ്ത്തുന്നത്., നിസ്വാര്‍ത്ഥരും നന്മകള്‍   വാരി വിതറുന്നവരുമായ പാവം ജിവികളായാണ് അവ എക്കാലവും പരിഗണിക്കപ്പെട്ടു പോന്നിട്ടുള്ളത്... എന്നാല്‍ ഇവിടെ അവ ഹൃദയ വിശുദ്ധിയുടേയും നന്മയുടേയും സ്നേഹത്തിന്റേയും മുകളില്‍  നാറുന്ന കാഷ്ഠമിടുകയാണ്., പ്രണയജ്വാലകള്‍  ഊതിക്കെടുത്തുകയാണ്.


ഞാന്‍ പറയാം.....,                         


പക്ഷികളുടെ ശല്യം കാരണം,ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമാണെന്ന്  നടുക്കത്തോടെ അവര്‍  തിരിച്ചറിഞ്ഞു


"നമ്മുടെ പ്രണയം ഹാ ഇവിടെ ഒടുങ്ങുകയാണോ... " അവള്‍ തേങ്ങിക്കരഞ്ഞു
"ഓമനേ ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമായിരിക്കുന്നു..." അവന്‍ അവളെ ചേര്‍ത്തു   പിടിച്ചുകൊണ്ട് വിലപിക്കുവാന്‍ തുടങ്ങി.
അല്പം മുമ്പ് തീവ്രമായ അനുരാഗത്തിന്റെ ഉന്മാദതരംഗങ്ങള്‍ പ്രസരിച്ചിരുന്ന കാറ്റാടി മരച്ചുവട്ടില്‍ നിന്നും ഇപ്പോള്‍ പ്രസരിക്കുന്നത് കടുത്ത പ്രണയ നൈരാശ്യത്തിന്റെ വിഷാദതരംഗങ്ങളാണ്....


 ' വീഞ്ഞുപാത്രം'


എല്ലാ പ്രണയ കഥകളേയും പോലെ ഇവിടെയും കമിതാക്കള്‍ ആത്മഹത്യയുടെ ഇരുണ്ട ഗുഹയിലേയ്ക് ഓടി ഒളിക്കുകയാണ്.,


പ്രണയവേളയില്‍ ആഹ്ലാദപൂര്‍വ്വം അൽപ്പാൽപ്പമായി കുടിച്ചുകൊണ്ടിരുന്ന വീഞ്ഞിലേയ്ക്ക് വിറക്കുന്ന കൈകളോടെ അവന്‍ വിഷം ഒഴിച്ചു ചേര്‍ത്തു....


മൈനകള്‍ അപ്പോഴും....


അവര്‍ തേങ്ങിക്കരഞ്ഞുകൊണ്ട് പരസ്പരം വീഞ്ഞ് ഊട്ടുകയും,കടുത്ത ഹൃദയവ്യഥയോടെ മരണത്തിന്റെ തണുത്തിരുണ്ട ഗുഹയിലേയ്ക്ക് നിശബ്ദം യാത്രയാവുകയും ചെയ്തു.


അവര്‍ ചലനമറ്റു തണുത്തുറഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം മൈനകള്‍ ശാന്തമായി മരച്ചില്ലകളിലേയ്ക്ക് തിരിച്ചുപോയി.അവിടെയിരുന്ന് പാവം പറവകള്‍ക്ക് ഇണങ്ങുന്ന വിധം കൊക്കുരുമ്മുകയും നിഷ്കളങ്കമായി ചിലക്കുകയും ചെയ്തു.....


തണുത്തുറഞ്ഞ അവരുടെ ഉടലുകള്‍ക്കിടയില്‍ വീഞ്ഞുപാത്രം മരവിച്ചുകിടന്നു...


' വൈദ്യുതി ശ്മശാനവും മുക്കുവന്മാരും'


സിദ്ധാര്‍ത്ഥനും, നന്ദയും വിളിക്കുമ്പോള്‍ പാതിരാവും കഴിഞ്ഞിരുന്നു.
"നമ്മുടെ ശ്രീവത്സനും സുകന്യയും..., കടല്‍ത്തീരത്ത് ..., വിഷം കഴിച്ച്...."
അവര്‍ പറഞ്ഞു.


ഞാന്‍ ശ്മശാനത്തിലെത്തുമ്പോഴേക്ക് സുരേന്ദ്രനും,മനോജും,ഊര്‍മിളയും അഷ്റഫും എല്ലാം എത്തിക്കഴിഞ്ഞിരുന്നു.ഞങ്ങളുടെ സൌഹൃദ സംഘത്തിലെ പ്രണയ ജോടികളായിരുന്നുവല്ലോ ഉറച്ച ശരീരപേശികളുള്ള സൌമ്യനായ ശ്രീവത്സനും നീലക്കണ്ണുകളുള്ള സുന്ദരിയായ സുകന്യയും.


"അഞ്ചുമിനുട്ട്, വെറും അഞ്ചു മിനുട്ട്..."  കറുത്ത് കുള്ളനായ ശ്മശാന കാവല്ക്കാരന്‍ വല്ലാത്തൊരു നിസംഗ ഭാവത്തില്‍ പറഞ്ഞു.  വാറ്റുചാരായത്തിന്റെ  ലഹരിയില്‍ വേച്ചുപോവുന്ന കാലുകളും,വിറയ്ക്കന്ന കൈകളും,ഇളകിയാടുന്ന തലയും ഉടലുമായി അയാള്‍ ശ്രീവത്സന്റെയും സുകന്യയുടേയും മരവിച്ച ശരീരങ്ങള്‍ വഹിക്കുന്ന ട്രോളിയുമുന്തി ക്രിമറ്റോറിയത്തിന്റെ ഉള്ളറയിലേയ്ക്ക് കയറിപ്പോയി.... അല്പസമയം കഴിഞ്ഞ്  ഒരു കലം നിറയെ ചാരവുമായി തിരിച്ചുവന്നു.... 


ചാരായവും കാശും കിട്ടിയപ്പോള്‍ പുലര്‍ച്ചയ്ക്ക് മീന്‍ പിടിയ്ക്കുവാന്‍ പോവുന്ന മുക്കുവന്മാര്‍ സമ്മതിച്ചു.ഞങ്ങള്‍ കൊടുത്ത കലം കൂടി തോണിയില്‍ കയറ്റിവെച്ചശേഷം അവര്‍ നേര്‍ത്ത  ഇരുളില്‍  തിളങ്ങുന്ന മൃദുവായ കടല്‍ത്തിരകളിലൂടെ മറ്റു മീന്‍പിടുത്ത സംഘങ്ങളോടൊപ്പം പടിഞ്ഞാറോട്ട് തുഴഞ്ഞു പോയി......


 ' കണ്ണുകള്‍ '


കടലിപ്പോള്‍ ശാന്തമാണ്.
സൂര്യന്‍ ഉദിച്ചിരുന്നില്ല.
പറവകള്‍ ഉണര്‍ന്നിരുന്നില്ല...
തണുത്ത കാറ്റ് അപ്പോഴും....
സൌമ്യമായ തിരകള്‍  അപ്പോഴും....


നന്ദയാണ് ആദ്യം കരഞ്ഞത്.അവളെ ആശ്വസിപ്പിക്കുന്നതിനിടയില്‍  ഊര്‍മിളയും കരഞ്ഞുപോയി.വിതുമ്പിക്കൊണ്ട് വല്ലാത്ത വ്യഥയോടെ ഞങ്ങള്‍  കടല്‍ത്തീരത്തെ കാറ്റാടി മരത്തണലില്‍ ചെന്നിരുന്നു. ശ്രീവത്സന്റെയും സുകന്യയുടേയും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചു. പ്രണയത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും അര്‍ത്ഥരാഹിത്യത്തെക്കുറിച്ചും അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഉച്ചത്തില്‍ തര്‍ക്കങ്ങള്‍ കൂടുവാന്‍ തുടങ്ങി......


അപ്പോള്‍


മരച്ചില്ലകളിലിരുന്ന്  മൈനകള്‍ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. 
പുലരിമഞ്ഞില്‍ അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു........

ചില്ലുജാലകം

                    അരുണാഭമായ  ആകാശത്തെക്കുറിച്ച്  ഞാൻ  എന്റെ  മകളോട്  പറഞ്ഞു.
        
                    അവകൾക്കത്  മനസിലായതേയില്ല.....  പകരം അവളെന്നോട് ചില്ലുകൂട്ടിൽ  പുളക്കുന്ന  സ്വർണമത്സ്യങ്ങളെപ്പറ്റി  സംസാരിക്കുകയാണ്.
                   "നമ്മുടെ സ്വർണമത്സ്യങ്ങൾ ....!!"  അവൾ പറഞ്ഞു.    " തുടിക്കുന്ന അഴകോടെ  അവയതാ.,  സ്ഫടികപ്പാത്രത്തിലെ  ഓളങ്ങളിൽ  നീന്തിക്കളിച്ചും..., ചുഴികളിൽ  മുങ്ങാങ്കുഴിയിട്ടും.... ജലപ്പിശാചുകളുടേയും,  മുങ്ങൽ  വിദഗ്ദ്ധരുടേയും  കണ്ണുവെട്ടിച്ചും......!!"
                    - ഞാൻ  എന്താണ്  പറയുക ?! 
                    - അരുണാഭമായ ആകാശം.,  മഴവില്ലിന്റെ  വർണമേളനം., നിലാവ്.,  പൊയ്കയുടെ  സ്വച്ഛതയിലൂടെ  പുളയ്ക്കുന്ന  പരൽ മീനുകൾ.....  ഇതൊന്നും  ഇവൾക്ക്  മനസിലാവുന്നതേയില്ലല്ലോ...  പകരം  ഇവൾ ചില്ലുകൂട്ടിലെ  സ്വർണമത്സ്യങ്ങളെക്കുറിച്ചും,  ചായംതേച്ച  തകര അഴികൾക്കുള്ളിലെ  ഇരുമ്പുദണ്ഡുകളിൽ  പാറിയിരിക്കുന്ന സ്നേഹപ്പക്ഷികളെക്കുറിച്ചും,  ദുരന്തവാഹികളായ വിമാനങ്ങളെക്കുറിച്ചും  മാത്രം  ആലോചിക്കുകയും  മനസിലാക്കുകയും ചെയ്യുന്നല്ലോ... ?!
                      "മോളേ ...."   - ഞാൻ  വിളിച്ചു.

                     "അച്ഛന്റെ മോളിതാ...." – അവൾ  വിളികേട്ടു
                      " നമുക്കു  സ്നേഹപ്പക്ഷികളെ  അപരാഹ്നവെയിലിന്റെ സൌമ്യതയിലേയ്ക്ക്  തുറന്നുവിടാം...  സ്വർണമത്സ്യങ്ങളെ  കടലിന്റെ നീലവിതാനത്തിലേക്ക്  പറഞ്ഞയക്കാം....."
                      - അവൾക്ക്  ഒട്ടും  ഇഷ്ടപ്പെടാത്ത  കാര്യമായിരുന്നു  ഞാൻ പറഞ്ഞത്.
                      “  അച്ഛന്  യാതൊരു  സൌന്ദര്യബോധവുമില്ല ..”  അവൾ പരിഭവിച്ചു. മുഖം ഇരുണ്ടു.
                   - വേണ്ട  അവളെ  വെറുതേ  ചൊടിപ്പിക്കേണ്ട....
                      " നമ്മളിതാ  അവയ്ക്ക്  ആഹാരം  കൊടുക്കാൻ  പോവുന്നു.....  " അവളുടെ  പരിഭവം  മാറ്റാനായി ഞാൻ  പറഞ്ഞു.   ഫ്ലാറ്റിലെ  വാച്ച്മേൻ വെങ്കിടാദ്രിയെക്കൊണ്ട്  ഇന്നലെയും  അവൾ  ഫിഷ്ഫുഡും,  ലൌബേഡ്സ് ഗ്രാന്യൂൾസും   വാങ്ങിപ്പിച്ചിരുന്നു.
                      കൌതുകത്തോടെയും  പ്രസരിപ്പോടെയും  ഞങ്ങൾ  സ്നേഹപ്പക്ഷികൾക്ക്  ടിന്നിലടച്ച്  സീൽ  ചെയ്തുകൊണ്ടുവന്ന  തിന കൊടുത്തു. സ്വർണമത്സ്യങ്ങൾക്ക്  നൃത്തം  ചെയ്യുന്ന  മയിലുകളുടെ മുദ്ര ചാർത്തിയ  ബിസ്ക്കറ്റുകൾ  നൽകി.
                     - നേരം അന്തിമയങ്ങി…….
                      പ്രാചീനമായ   ഗോത്രതാളങ്ങളുടെ  വിശുദ്ധസ്മൃതിയിലേക്ക്  സിന്തസൈസറുകളുടെ  ചടുലതയും  റോക്സംഗീതത്തിന്റെ  അലകളും മേളിക്കുന്ന  മായികമായൊരു  ഉറക്കുപാട്ട്   സി.ഡി പ്ലെയറിൽ  കേട്ടുകൊണ്ട്  അവൾ   ഉറങ്ങി.……
                    - ഇപ്പോൾ  അവൾ  നല്ല ഉറക്കമാണ്.
                     പാതിരാക്കിളി  ചിലക്കുന്നുവോ..... - ഞാൻ  ചെവിടോർത്തു.,  നദിയുടെ  ഹർഷോന്മാദത്തിലൂടെ   വണികസംഘങ്ങളുടെ  കെട്ടുവള്ളങ്ങൾ യാത്രയാകുന്നുവോ.... - ഞാൻ ഒരു തോണിപ്പാട്ടിന്റെ ഈരടികൾ കേൾക്കുവാൻ  കൊതിച്ചു.,   നിലാവുദിച്ചുവോ..... - ഞാൻ  ജാലകത്തിന്റെ ചില്ലുപാളികളിലേയ്ക്ക  നോക്കി., പാലപൂത്തുവോ..... - ഞാൻ ചില്ലുജാലകം  തുറന്നു.,
                     പുറത്ത്  പിച്ചും പേയുമായി  ഉറങ്ങുന്ന ഭ്രാന്തനെപ്പോലെ നഗരമുറങ്ങുന്നു…,  വിദുരസ്ഥലികളിൽനിന്ന്  അവ്യക്തമായ ഇരമ്പലുകൾ, രോദനങ്ങൾ..... അപരിചിതങ്ങളായ ഗന്ധങ്ങൾ ഒഴുകിവരുന്ന ചൂടുള്ള  നഗരവായു….
                    ഫ്ലാറ്റിന്റെ  ഇത്രയും  ഉയരെനിന്നുള്ള  കാഴ്ചയിൽ  താഴെ റോഡിൽ  നിയോൺ  വിളക്കുകളും  അതു പടർത്തുന്ന  മഞ്ഞളിപ്പും  ഉറക്കം  തൂങ്ങുന്നതു  കാണാം .......
      
                    ഒരു പെൺകുട്ടിയതാ  വിളക്കുകാലിനരികിൽ  ഇരുളിന്റെയും നിഴലുകളുടെയും  തടങ്ങളിൽ  നിന്ന്  പ്രത്യക്ഷപ്പെട്ട്  പരുങ്ങി നിൽക്കുന്നു..! അവ്യക്തമായേ   അവളെ   കാണാനാവുന്നുള്ളുഎന്റെ  മകളുടെ  അതേ പ്രായം,  അതേ വസ്ത്രം,  അതേ ഭാവം,  അതേ മുഖം....!
                   വേവുന്ന  നെഞ്ചോടെ ഞാൻ  വീണ്ടും  ജനലഴികളിലൂടെ  താഴോട്ടു നോക്കവെ
                 - നിയോൺ  വിളക്കുകളുടെ  മഞ്ഞളിപ്പിലൂടെയും, നിഴലുകളിലൂടെയും  നീങ്ങാൻ  തുടങ്ങുന്ന ഒരു റിക്ഷാവണ്ടിയിൽ  തിളങ്ങുന്ന  സിൽക്കുകുപ്പായമിട്ട  തടിച്ചു  കുള്ളനായ,  ഒരു മനുഷ്യനോടൊപ്പം  തമാശകൾ  പറഞ്ഞ് പൊട്ടിച്ചിരിച്ചും,  മുട്ടിയുരുമ്മിയും അവൾ   അതാ..... 



മൂന്നു ഗണിതശാസ്ത്ര കഥകള്‍




രമാകാന്തന്‍ അഥവാ കണക്കുശാസ്ത്രം        
              
               രമാകാന്തന്‍ എന്ന ഒരാള്‍ക്ക് കണക്ക് വലിയ ഇഷ്ടമായിരുന്നു...  കണക്കു കൂട്ടുവാനും കുറയ്ക്കുവാനുമുള്ള  ഒരവസരവും അയാള്‍ പാഴാക്കിയില്ല.

               രമാകാന്തന്‍ കൂട്ടിയ കണക്കുകളില്‍ ചിലത് ....,

       - അബു എന്നു പേരായ തെരുവുബാലന്റെ ഒടുങ്ങാത്ത ദുരിതങ്ങളുടെ ആദിയും അന്തവും തമ്മിലുള്ള ദൂരം എത്ര മീറ്റര്‍ ?, എത്ര സെന്റിമീറ്റര്‍ ?, എത്ര മില്ലിമീറ്റര്‍ ?
       - നിരാലംബഹൃദയം എന്നു പേരായ ആ പഴയ ബസിന്റെ ഗതിവേഗം എത്ര ?
       - നിശാഗന്ധികള്‍ പൂക്കുന്ന താഴ്വരയില്‍ പ്രണയികള്‍ ഉപേക്ഷിച്ചു പോയ തീവ്രനൊമ്പരങ്ങളുടെ സാന്ദ്രത അളക്കാനുള്ള ഏകകം എന്ത് ?

             ഇപ്രകാരം ഒരു നാടിന്റെ സ്പന്ദനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അയാള്‍ കണക്കുകള്‍ കൂട്ടുകയും,  ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു......

            കഥയുടെ അവസാനം എല്ലാ കണക്കന്മാര്‍ക്കും സംഭവിച്ചതുപോലെ രമാകാന്തനും കണക്കുകള്‍ തെറ്റുകയാണ്... അതോടെ അയാള്‍ വിഷാദരോഗിയാവുകയും, തുടര്‍ന്ന് വല്ലാത്തൊരു ഉന്മാദാവസ്ഥയില്‍ വീണടിഞ്ഞ്  തകര്‍ന്നു പോവുകയും ചെയ്തു.....

              എല്ലാറ്റിനുമൊടുവില്‍ വലിയൊരു തെറ്റില്‍ ചെന്ന് ഒടുങ്ങുക എന്നത്  കണക്കു ശാസ്ത്രത്തിന്റെ ദുര്‍വ്വിധി  എന്നോര്‍ത്ത് നമുക്കു സമാധാനിക്കാം.അല്ലാതെ എന്ത് ചെയ്യാന്‍......






                       ആവര്‍ത്തക ദശാംശ ഭിന്നം

              കുട്ടി സമവാക്യങ്ങള്‍ ഓരോന്നായി നിര്‍ദ്ധാരണം ചെയ്യാന്‍ തുടങ്ങി..........

              നിര്‍ദ്ധാരണം ചെയ്യാനാവാത്ത ഒരു സമസ്യയാണ് ജീവിതം..! എന്നു വിലപിച്ചുകൊണ്ട് അച്ഛനും അമ്മയും പതിവുപോലെ ശണ്ഠ കൂടുകയായിരുന്നു.

              കുട്ടി  'X' ന് പുതിയ ഒരു വില കൊടുത്ത് വീണ്ടും സമവാക്യത്തിന്റെ കുരുക്കഴിക്കാന്‍  തുടങ്ങി .....

              കുഴഞ്ഞു മറിഞ്ഞ ജീവിതത്തെക്കുറിച്ചുള്ള ആവലാതികള്‍ക്കിടയില്‍ വലിയൊരു ആക്രോശത്തോടെ , അച്ഛന്‍ അമ്മയുടെ മുടി ചുറ്റിപ്പിടിച്ച്, പുറം കാല്കൊണ്ട് തൊഴിച്ചു..... ഓ...ദൈവമേ.... എന്നിങ്ങനെ ഒരലര്‍ച്ചയോടെ അമ്മ മുറ്റത്തേക്ക് തെറിച്ചു വീണു.

              ഹരണഫലം ഒരു ആവര്‍ത്തക ദശാംശ ഭിന്നം ആയിരുന്നു., 97.3872 3872 3872 3872 3872 3872 .......... എന്നിങ്ങനെ ഒടുങ്ങാതെ തുടരുന്ന ഒരു ദശാംശഭിന്നം.  കുട്ടി വീണ്ടും വീണ്ടും ഹരിച്ച്  3872 3872..... എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു.

             അവന്റെ  കണ്ണു നിറഞ്ഞിരുന്നു.

             കണ്ണുനീര് വീണു കുതിര്‍ന്ന   കടലാസില്‍ ആവര്‍ത്തക ദശാംശഭിന്നം വിറുങ്ങലിച്ചു നിന്നു.







ദ്വിമാന സമവാക്യങ്ങള്‍


              നീലാകാശത്ത് ......  രാത്രിയില്‍ , നിലാവില്‍ , രണ്ട് ദ്വിമാന സമവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

              ഒന്നാമത്തെ സമവാക്യം  'X' എന്ന ചരത്തിലും, രണ്ടാമത്തെ സമവാക്യം  'Y' എന്ന ചരത്തിലും തയ്യാറാക്കപ്പെട്ടവയായിരുന്നു.

              താഴെ ഭൂമിയില്‍ കണക്കു കൂട്ടാനും കുറക്കാനും അറിയാത്ത  പാവം മനുഷ്യര്‍  നോക്കി നില്‍ക്കവെ, ഒന്നാമത്തെ സമവാക്യം രണ്ടാമത്തേതിനേയും , രണ്ടാമത്തെ സമവാക്യം ഒന്നാമത്തേതിനേയും നിര്‍ദ്ധാരണം ചെയ്യുവാന്‍ തുടങ്ങി...
.
              നീലാകാശത്ത് അപ്പോള്‍ പാര്‍വണശശിബിംബം പൂനിലാവു പൊഴിച്ചുകൊണ്ട്.....!

              'X' ലുള്ള സമവാക്യം  'Y' ലുള്ള സമവാക്യത്തിന്റെ കുരുക്കഴിച്ചു നോക്കുമ്പോള്‍  വിവേചകം പോസിറ്റീവാണെന്നു കാണുന്നു. അസൂയ മൂത്ത ' X' സമവാക്യം  'Y' സമവാക്യത്തിന്റെ വിവേചകം നെഗറ്റീവാണെന്ന് കള്ളക്കഥയുണ്ടാക്കുന്നു....എന്നിട്ട് ആകാശത്തു നിന്നും പെരുമ്പറ കൊട്ടി ഭൂമിയിലേയ്ക്ക് വിളിച്ചു പറയുന്നു......

              ഇതേ സമയം 'Y' സമവാക്യം  'X' സമവാക്യത്തിന്റെ വിവേചകത്തെക്കുറിച്ചും ഇപ്രകാരം ഒരു കള്ള വ്യാഖ്യാനമുണ്ടാക്കി ആകാശത്തു നിന്നും പെരുമ്പറ കൊട്ടാന്‍ തുടങ്ങുന്നു.....

              സമവാക്യങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ പെരുമ്പറയൊച്ചകൊണ്ട് പൊറുതിമുട്ടിയ പാവം മനുഷ്യര്‍ , ഭൂമിയില്‍ നിന്ന് ആകാശത്തിന്റെ ഉയരങ്ങളിലേയ്ക്ക് നോക്കി, 'ഞങ്ങള്‍ക്ക്  സമാധാനം തരൂ  ....'  'ഞങ്ങള്‍ക്ക്   സമാധാനം തരൂ. ... .'  എന്നിങ്ങനെ സമവാക്യങ്ങളോട്  പ്രാര്‍ത്ഥിക്കവെ .....,

                സമവാക്യങ്ങള്‍ വീണ്ടും പടലപ്പിണക്കത്തിന്റെ പെരുമ്പറ മുഴക്കുന്നു...

                പാര്‍വണ ശശിബിംബമാവട്ടെ പൂനിലാവ് പൊഴിച്ചുകൊണ്ട്........!.



നീലക്കുറുക്കന്‍











വയറു വിശന്ന് പൊരിഞ്ഞപ്പോള്‍ പുറത്തിറങ്ങി....... ഒരു തുണ്ട് ഭക്ഷണമോ, ഒരു തുള്ളി ജലമോ.. കിട്ടിയെങ്കില്‍ എന്ന പ്രാര്‍ത്ഥനകളോടെ, പരതുന്നതിനിടയില്‍, അബദ്ധത്തില്‍ നീലം കലക്കിയ വെള്ളത്തില്‍ വീണു.......

മേലാകെ പുതഞ്ഞ നീലനിറവും ,ഒടുങ്ങാത്ത നീറ്റലും പുകച്ചിലും.....

സഹിക്കാനാവാതെ ഓടുകയായിരുന്നു....
എന്റെ കൂട്ടരുടെ അടുത്തേക്ക്................
നീലത്തില്‍ കുതിര്‍ന്ന് നിറം മാറിയ എന്നെ അവര്‍ക്ക് മനസിലാവാതിരുന്നത് എന്റെ കുറ്റമാണോ......
എനിക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുമ്പ് അവര്‍ എന്നെ വിചിത്രജീവിയായി പ്രഖ്യാപിച്ചത് എങ്ങിനെയാണ് ഞാന്‍ ചെയ്ത ചതിപ്രയോഗമാവുക

എന്റെ കൂട്ടരോടൊപ്പം മറ്റുള്ളവരും ചേര്‍ന്ന് ആഘോഷിക്കാന്‍ തുടങ്ങിയപ്പോള്‍,  ഒന്നും വിശദീകരിക്കാന്‍ അവസസരം കിട്ടാതെ ഞാന്‍ തളര്‍ന്നുപോയിരുന്നു.

ഇതാ അത്ഭുതജീവി, ഇതാ അത്ഭുതജീവി, ഇവനാവട്ടെ നമ്മുടെ രാജാവ്.....എന്നു പാടിക്കൊണ്ട് എനിക്കു ചുറ്റം അവര്‍  നൃത്തംവെച്ചപ്പോള്‍ എന്റെ ഗതികേടിനെ പരിഹസിക്കുന്നപോലെ ഞാന്‍ പൊള്ളുകയായിരുന്നു....

അവഗണനയുടേയും, കുത്തുവാക്കുകളുടേയും, നിസ്സഹായതയുടേയും നിലയില്ലാക്കയത്തില്‍ വീണുപോയ ഞാന്‍ രക്ഷക്കായി ഉച്ചത്തില്‍ നിലവിളിച്ചുപോയത് എന്റെ കുറ്റമാണോ.....

എന്റെ കണ്ണുനീര്‍ച്ചാലുകളില്‍ നീലനിറം ഇളകിമാഞ്ഞത് വലിയ അപരാധമാണോ......

“ചതിയന്‍ , ഒറ്റുകാരന്‍.....“ എന്നെല്ലാം വിളിച്ചുകൊണ്ട് അവരെന്നെ കടിച്ചുകുടഞ്ഞ് ആട്ടിയോടിക്കുമ്പോഴും നിസ്സഹായതയും വേദനകളും എന്നെ ചൂഴ്ന്ന് നിന്നിരുന്നു,

ഇപ്പോള്‍ ഞാനിതാ,
എല്ലായിടത്തും തിരസ്കരിക്കപ്പെട്ട്,
കൊടിയ ഏകാന്തതയില്‍ ,നിരാലംബനായി...
ഉള്‍ക്കാടുകളിലൂടെ പാത്തും, പതുങ്ങിയും...
ഒടുങ്ങാത്ത നിലവിളികളോടെ.......